കോട്ടയം: വെന്തുരുകി വിയർത്തു കുളിക്കുന്ന ഇപ്പോൾ പകൽ സമയങ്ങളിൽ കോട്ടയം. രാവിലെ മുതൽ അനുഭവപ്പെടുന്നത് കഠിനമായ ചൂടാണ്. ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തിയത് സാധാരണയേക്കാൾ 3.8 ഡിഗ്രി കൂടുതൽ താപനിലയാണ്.
കോട്ടയത്ത് 34.6 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ദിവസേന ചൂട് കൂടി വരികയാണ്. വേനൽക്കാലത്ത് അനുഭവപ്പെട്ട ചൂടാണ് ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 8 നു 30.5 ഡിഗ്രി മുതൽ 31.6 ഡിഗ്രി വരെയായിരുന്നു ചൂട് അനുഭവപ്പെട്ടത്. 30 ഡിഗ്രി മുതൽ 32 ഡിഗ്രി വരെയായിരുന്നു കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം കോട്ടയത്ത് അനുഭവപ്പെട്ട താപനില.
വരും ദിവസങ്ങളിലും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കാലവർഷം ദുർബലമായതും മഴ ലഭിക്കേണ്ട അളവിലും കുറവായതിനാലുമാണ് ചൂട് ഉയരാൻ കാരണം. എൽനിനോ കടുത്തതോടെ സംസ്ഥാനത്ത് ഇപ്പോൾ മഴമേഘങ്ങൾ പൂർണമായി മാറിനിൽക്കുകയാണ്. ജില്ലയിൽ അൾട്രാ വയലറ്റ് തോതും ഉയരുകയാണ്.
സംസ്ഥാനത്ത് ഇന്നും താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് കൂടുന്നതോടെ കർഷകരും പ്രതിസന്ധിയിലായി തുടങ്ങിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദ സാധ്യതയുള്ളതിനാൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു വെള്ളിയാഴ്ച കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.