കോട്ടയം: ചെക്ക് കേസിൽ യുഡിഎഫ് പാലാ നിയോജക മണ്ഡലം എംഎൽഎ മാണി സി കാപ്പനു ഒരു വർഷം തടവുശിക്ഷ. മുംബൈ ബോർവെല്ലി കോടതിയുടേതാണ് ഉത്തരവ്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്.

3 കോടിയിലധികം രൂപ മാണി സി കാപ്പൻ തട്ടിയെടുത്തു എന്നാണ് കേസ്. പാലക്കാട് സ്വദേശിയും മുംബൈയിൽ വ്യവസായിയുമായ ദിനേശ് ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. നഷ്ടപരിഹാരം ഒരു മാസത്തിനകം നൽകണം. ഇല്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ വിധിക്കുമ്പോൾ എംഎൽഎ കോടതിയിൽ ഹാജരായിരുന്നില്ല. ശിക്ഷ ഒരു വര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് അയോഗ്യതയുണ്ടാവില്ല.

കാബിനറ്റ് പദവിയിലേക്ക് അടക്കം പരിഗണിക്കുന്ന മാണി സി കാപ്പനെതിരെയാണ് ഇപ്പോൾ ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. 2015 മുതല്‍ നടക്കുന്ന നിയമവ്യവഹാരത്തിന്റെ ഭാഗമായാണ് ഇപ്പോൾ കോടതി വിധിയുണ്ടായിരിക്കുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലുള്‍പ്പടെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഹൈക്കോടതിയിലെത്തിയ ശേഷം കേസിന്റെ നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് മുംബൈ വ്യവാസായിയായ ദിനേശ് മേനോന്‍ ബോറിവില്ലി കോടതിയെ സമീപിക്കുകയായിരുന്നു. മാണി സി കാപ്പന്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
