കോട്ടയം: അതിശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സഹായം തേടി ജില്ലയിലെ അഗ്നിരക്ഷാ സേനയുടെ ഓഫീസുകളിലേക്ക് എത്തിയത് 277 കോളുകൾ.

277 കോളുകളിലൂടെ 2221 പേരെയാണ് ഈ ദിവസങ്ങളിൽ അഗ്നിരക്ഷാ സേന സുരക്ഷിതമാക്കിയത്. ഓരോ കോളുകളിലും പ്രളയബാധിത മേഖലകളിൽ കരുതലോടെ നിസ്വാർത്ഥ സേവനവുമായി അഗ്നിരക്ഷാ സേനാംഗങ്ങൾ ഉണ്ടായിരുന്നു. പകലെന്നോ രാത്രിയെന്നോ വിവേചനമില്ലാതെ പ്രളയക്കെടുതിയിൽ അകപ്പെട്ടവരുടെ ഒരു ഫോൺ കോളിനപ്പുറം അഗ്നിരക്ഷാ സേനയുണ്ടായിരുന്നു. കോട്ടയം, ചങ്ങനാശേരി, വൈക്കം, ഇൗരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പാലാ, പാമ്പാടി സ്റ്റേഷനുകളിൽ തുടർച്ചയായി ഫോൺ വിളികളെത്തിക്കൊണ്ടിരുന്നു. ഏറ്റവും കൂടുതൽ വിളിയെത്തിയത് കോട്ടയം സ്‌റ്റേഷനിലാണ്. ഇവിടെ 117 കോളുകളാണ് എത്തിയത്. ഈ കോളുകളിൽ 1387 പേരെ സുരക്ഷിതരാക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചു. സ്‌റ്റേഷൻ ഓഫീസർ ആർ രാജേഷ് കുമാറിന്റെ നേതൃത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
