കോട്ടയം: കോട്ടയം ജില്ലയിൽ മഴ വീണ്ടും ശക്തമാകുന്നു. ഇന്നലെ രാത്രിയും ഇന്ന് രാവിലെ മുതലും ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉച്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. നിലവിൽ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനിലയിൽ നിന്നും താഴെയാണെങ്കിലും ശക്തമായ ഒഴുക്കാണ് ഇരു നദികളിലും.
ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഖലകളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
ഈ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക് മാറാൻ ഇനിയും ദിവസങ്ങൾ എടുക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇപ്പോഴും ജില്ലയിൽ 12803 പേർ 139 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നുണ്ട്.