കുട്ടികൾക്കിടയിൽ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, ജീവനെടുക്കുന്ന വില്ലനാകുന്നുവോ ഫോണുകൾ?


കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് ക്ലാസ്സുകൾ ഓൺലൈനിലായതോടെ കുട്ടികൾ മൊബൈൽ ഫോണുകളുമായി കൂടുതൽ അടുത്തു. ക്ളാസുകളും നോട്ടുകളും ഉൾപ്പടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി രക്ഷിതാക്കൾ കുട്ടികൾക്ക് വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ പഠന സമയത്തിനു ശേഷം ഗെയിം കളികൾക്കായി കുട്ടികൾ ഉപയോഗിച്ച് തുടങ്ങി.

 

ദീർഘനേരം മൊബൈൽ ഗെയിം കളിച്ചിരിക്കുന്നത് പതിവാകുന്നതോടെ ഈ രീതി ശ്രദ്ധയിൽപ്പെടുന്ന മാതാപിതാക്കൾ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കുകയും ഫോൺ വാങ്ങി വെയ്ക്കുകയും ചെയ്യും. മൊബൈൽ ഫോണും ഗെയിംസും അഡിക്ഷനായി മാറുന്നതോടെ മൊബൈൽ വാങ്ങി വെയ്ക്കുന്നത് ചില കുട്ടികളിൽ മാനസിക സംഘർഷത്തിന് വഴി തെളിക്കുന്നു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാർ വിലക്കിയതിനെ തുടർന്ന് കഴിഞ്ഞ 9 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ 2 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.

2 പേരും സ്‌കൂൾതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.  മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാർ വിലക്കിയതിനെ തുടർന്ന് മുണ്ടക്കയത്ത് കഴിഞ്ഞ 26 നു 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തിരുന്നു. മുണ്ടക്കയം കൊക്കയാർ നാരകംപുഴ ആരിഫിന്റെ മകൻ റസ്സൽ മുഹമ്മദ്‌(15)ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് കിടങ്ങൂർ സ്വദേശിയായ 11 വയസ്സുകാരനും അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് ജീവനൊടുക്കിയത്.

കുമ്മണ്ണൂർ പാറയ്ക്കാട്ട് രാജു-സിനി ദമ്പതികളുടെ മകൻ സിയോൺ രാജു(11)ആണ് മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ചത്. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിൽ നിന്നും മാതാപിതാക്കൾ ഇരുവരെയും വിലക്കുകയും ഫോൺ വാങ്ങി വെയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് 2 വിദ്യാർത്ഥികളും ജീവനൊടുക്കിയത്. കുട്ടികളിൽ മൊബൈൽ ഉപയോഗവും ആത്മഹത്യ പ്രവണതയും കൂടി വരികയാണ്.

കുട്ടികളിൽ മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗവും പഠനത്തിലെ ശ്രദ്ധക്കുറവും ശ്രദ്ധയിൽപ്പെട്ടാൽ ദേഷ്യപ്പെടുകയോ വഴക്കു പറയുന്നതിനുമപ്പുറം സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. പടി പടിയായി മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുക. മാതാപിതാക്കളുടെ സ്നേഹോപദേശങ്ങൾക്കൊപ്പം കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ കേരള പൊലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെൽപ്‌ലൈനിലേക്ക് വിളിക്കാവുന്നതാണ്. കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള  പോലീസ് ആരംഭിച്ച  പദ്ധതിയാണ് ചിരി. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. ഫോൺ : 9497900200.