നല്ല പ്രിന്റ്, ഓഡിയോ ഹെഡ്‌സെറ്റ്‌ ഉപയോഗിച്ച് കേൾക്കണം! ടെലഗ്രാമിലൂടെ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പോലീസ് പിടിയിൽ,


കാഞ്ഞിരപ്പളളി: മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ടെലഗ്രാമിലൂടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പോലീസ് പിടിയിൽ.

 

കാഞ്ഞിരപ്പള്ളി നഫീസ് ആണ് പോലീസ് പിടിയിലായത്. എരുമേലിയിലെ വീട്ടിൽ നിന്നുമാണ് ജില്ലാ പോലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ വ്യാപാര കേന്ദ്രം നടത്തുകയാണ് നഫീസ്.

നല്ല പ്രിന്റ് ആണെന്നും മികച്ച ഓഡിയോയ്ക്കായി ഹെഡ്‌സെറ്റ്‌ ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞാണ് ഇയാൾ ടെലഗ്രാമിൽ ചിത്രത്തിൻറെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചിരിക്കുന്നത്. പല ടെലഗ്രാം ഗ്രൂപ്പുകളിൽ നഫീസ് ചിത്രം അയച്ചു നൽകിയിട്ടുണ്ടെന്നാണ് വിവരം.

സൈബർ പോലീസിന്റെ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ കമ്പനി എന്ന ടെലഗ്രാം ഗ്രൂപ്പിലാണ് ഇയാൾ വ്യാജ പതിപ്പ് പ്രചരിപ്പിച്ചിരിക്കുന്നത്. വ്യാജ പതിപ്പ് പ്രചരിപ്പിച്ച നിരവധിപ്പേർ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന.